ജീവന് രക്ഷാ മരുന്നുകള് ലഭ്യമാക്കുന്ന കാര്യത്തില് നിര്ണായക സ്വാധീനം ചെലുത്തുന്ന ഒരു സുപ്രധാന വിധിയില്, പേറ്റൻ്റുള്ള മരുന്നുകളുടെ വില നിര്ണയത്തില് ഇടപെടാനുള്ള കേന്ദ്ര സര്ക്കാരിന്റെ അധികാരം ഹൈക്കോടതി ഗണ്യമായി വിപുലീകരിച്ചു.
1970-ലെ പേറ്റൻ്റ് നിയമത്തിലെ സെക്ഷന് 100 പ്രകാരം, 'സര്ക്കാര് ആവശ്യങ്ങള്ക്കായി' പേറ്റന്റ് ഉള്ള ഒരു കണ്ടുപിടുത്തം ഉപയോഗിക്കാന് അധികാരമുണ്ടെന്ന് ജസ്റ്റിസ് ഹരിശങ്കര് വി. മേനോന് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
പേറ്റൻ്റ് ഉള്ളതുകൊണ്ട് മാത്രം ജീവൻരക്ഷാ മരുന്നുകള്‍ സാധാരണക്കാർക്ക് താങ്ങാനാവാത്ത വിലയ്ക്ക് വില്‍ക്കുന്നത് തടയാൻ കേന്ദ്ര സർക്കാരിന് പേറ്റൻ്റ് നിയമ പ്രകാരം ഇടപെടമെന്നും കോടതി വ്യക്തമാക്കി.
സ്തനാര്ബുദ ബാധിതയായ ഒരു സ്ത്രീ സമര്പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഹരജി പരിഗണനയിലിരിക്കേ അവര് മരണപ്പെട്ടിരുന്നു. എങ്കിലും, പൊതുതാല്പര്യം മുന്നിര്ത്തി കോടതി സ്വമേധയാ കേസ് മുന്നോട്ട് കൊണ്ടുപോയി. 21 ദിവസത്തെ ചികിത്സാ കോഴ്സിന് 58,140 രൂപയിലധികം വിലവരുന്ന 'റിബോസിക്ലിബ്' പോലുള്ള പേറ്റന്റ് ഉള്ള ക്യാൻസർ ഡിപാർട്ട്മെൻ്റ് മരുന്നുകൾ അമിതവിലയായിരുന്നു കോടതി പ്രധാനമായും പരിഗണിച്ചത്. ഹരജിയില് കക്ഷിയായ മറ്റൊരു സ്തനാര്ബുദ രോഗിയും റിബോസിക്ലിബിനായി പ്രതിവര്ഷം 7.90 ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
പേറ്റന്റ് നിയമത്തിലെ സെക്ഷന് 100ന് കേന്ദ്ര സര്ക്കാരും മരുന്ന് കമ്പനികളും നല്കിയ വ്യാഖ്യാനം കോടതി തള്ളി. സര്ക്കാര് നേരിട്ട് ഉപയോഗിക്കുന്നതിന് മാത്രമേ ഈ നിയമം ബാധകമാകൂ എന്നായിരുന്നു അവരുടെ വാദം. ഭരണഘടനയുടെ 47-ാം അനുച്ഛേദം അനുശാസിക്കുന്ന പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുള്ള ബാധ്യതയും 21-ാം അനുച്ഛേദം ഉറപ്പുനല്കുന്ന ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതുമായും ഈ അധികാരത്തെ കോടതി നേരിട്ട് ബന്ധിപ്പിക്കുകയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ നിഷേധിക്കപ്പെടരുത് 'സുകൃതം' സിനിമ ഓർമിപ്പിച്ച് കോടതി
ക്യാൻസർ രോഗികളുടെയും അവരെ പരിചരിക്കുന്നവരുടെയും ദുരവസ്ഥ വരച്ചുകാട്ടുന്ന എം.ടി വാസുദേവന് നായരുടെ പ്രശസ്തമായ 'സുകൃതം' എന്ന സിനിമയെ പരാമർശിച്ചു കൊണ്ട് ഹൃദയസ്പര്ശിയായ ഒരു കുറിപ്പോടെയാണ് കോടതി വിധി അവസാനിപ്പിച്ചത്. ചികിത്സാച്ചെലവ് കണ്ടെത്താനായി കുടുംബങ്ങള് തങ്ങളുടെ ജീവിതം മുഴുവന് പണയം വെക്കുകയും ഒടുവില് കടക്കെണിയിലാവുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ഹൃദയഭേദകമായ ഒരു സംഭാഷണത്തില്, തുടര്ചികിത്സ വേണ്ടെന്ന് നായകന് ഡോക്ടറോട് പറയുന്ന രംഗം സിനിമയിലുണ്ട്.
'സുകൃതം' ദേശീയ-സംസ്ഥാന പുരസ്കാരങ്ങള് നേടിയിട്ട് മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും സാഹചര്യത്തില് മാറ്റമൊന്നും വന്നിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള് കാരണം ആര്ക്കും ചികിത്സ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന് സര്ക്കാര്, പൊതുജനങ്ങള്, ബന്ധപ്പെട്ട മറ്റ് വിഭാഗങ്ങള് എന്നിവരുടെ കൂട്ടായ പരിശ്രമം കോടതി ആവശ്യപ്പെട്ടു.