ലഹരിക്കേസ് : നടൻ ശ്രീകാന്ത് അറസ്റ്റില്‍

ലഹരിമരുന്ന് കേസില്‍ തെന്നിന്ത്യൻ നടൻ ശ്രീകാന്ത് അറസ്റ്റില്‍. ചെന്നൈ നുങ്കമ്പാക്കം പൊലീസാണ് ചോദ്യം ചെയ്യലിന് ശേഷം താരത്തെ അറസ്റ്റ് ചെയ്‍തത്.

ശ്രീകാന്തിന്റെ രക്ത സാമ്പിളില്‍ കൊക്കെയിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാല്‍പ്പത് തവണ നടൻ കൊക്കെയിൻ വാങ്ങിയതായാണ് സൂചന.


കഴിഞ്ഞ പതിനേഴാം തീയതി നുങ്കമ്പാക്കത്തെ ബാറില്‍ നടന്ന അടിപിടിക്കേസിലെ പ്രതിയായ പ്രസാദില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് നടൻ ശ്രീകാന്തിന്റെ അറസ്റ്റില്‍ എത്തി നില്‍ക്കുന്നത്. ശ്രീകാന്ത് നായകനാകുന്ന തീകിരൈ എന്ന ചിത്രത്തിന്റെ നിർമാതാക്കളില്‍ ഒരാളാണ് എഐഎഡിഎംകെ ഐടി വിംഗ് മുൻ ഭാരവാഹി ആയ പ്രസാദ്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തതില്‍ നിന്ന് പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. 


ലഹരിമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ടായിരുന്നു ബാറിലെ തർക്കം. നേരത്തേ ലഹരിക്കേസില്‍ അറസ്റ്റിലായ പ്രദീപ് എന്നയാളുമായി പ്രസാദിന് ബന്ധമുണ്ട്. പ്രദീപ് പ്രസാദിന് കൊക്കൈയിൻ നല്‍കിയിട്ടുണ്ടെന്നും ഇത് ഒടുവില്‍ എത്തിയത് നടൻ ശ്രീകാന്തിന്റെ പക്കലാണെന്നും തെളിവുകള്‍ സഹിതം പൊലീസ് കണ്ടെത്തി. പിന്നാലെ ഇന്ന് രാവിലെ ശ്രീകാന്തിനെ ചോദ്യം ചെയ്യാൻ വിളിച്ചു. വൈദ്യപരിശോധനയില്‍ താരം ലഹരിയുപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായതായും പൊലീസ് പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യല്‍ തുടരുകയാണ്. നാല്‍പ്പത് തവണയായി നാല് ലക്ഷത്തില്‍ അധികം രൂപയുടെ കൊക്കെയിൻ ശ്രീകാന്ത് വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാർട്ടികളിലും ആയിരുന്നു ലഹരി ഉപയോഗം. കൂടുതല്‍ താരങ്ങളെ ചോദ്യം ചെയാൻ വിളിക്കുമെന്നും സൂചനയുണ്ട്.


തമിഴിലും തെലുങ്കിലും നിരവധി ശ്രദ്ധേയമായ സിനിമകളില്‍ അഭിനനയിച്ചിട്ടുണ്ട് ശ്രീകാന്ത്. റോജാക്കൂട്ടം എന്ന സിനിമയില്‍ നായകനായാണ് താരം വെള്ളിത്തിരയില്‍ അരങ്ങേറിയത്. ചിത്രം വലിയ ഹിറ്റായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മാദത്തില്‍ , പാര്‍ഥിപൻ കനവ് തുടങ്ങിയ വിജയ ചിത്രങ്ങളിലും നായകനായി.


വിജയ് നായകനായ നൻപനിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ശ്രീകാന്ത്. കൊഞ്ചം കാതല്‍ കൊഞ്ചം മോദല്‍ ആണ് അവസാനമായി വേഷമിട്ട സിനിമ. കെ രംഗരാജാണ് ശ്രീകാന്ത് ചിത്രം സംവിധാനം ചെയ്‍തതത്. കാര്‍ത്തിക് എന്ന കഥാപാത്രമായിരുന്നു ശ്രീകാന്തിന്. മലയാളത്തില്‍ ഹീറോയിലും ശ്രീകാന്ത് വേഷമിട്ടിട്ടുണ്ട്.