ഇനി ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടി ; അമേരിക്കയെയും അവരുടെ നായയായ സയണിസ്റ്റുകളെയും നേരിടാന്‍ ശക്തമെന്നും ഖമേനി ; പുതിയ വീഡിയോ പുറത്ത് ; ആണവ ചര്‍ച്ച പുനരാരംഭിച്ചില്ലെങ്കില്‍ ഉപരോധമെന്ന് ഫ്രാന്‍സ് ; ഇറാനുമേല്‍ കടുത്ത സമ്മര്

ദുബായ് : ഇറാനെതിരായ ഏതൊരു സൈനികാക്രമണവും നേരിടാന്‍ തയാറെന്ന് പരമോന്നത നേതാവ് അയത്തൊള്ള ഖമേനി. 12 ദിവസത്തെ ഇസ്രയേല്‍ - ഇറാന്‍ യുദ്ധത്തിലുണ്ടായതിനേക്കാള്‍ നാശം എതിരാളികള്‍ക്കു നല്‍കും.

അമേരിക്കയുടെയും അവരുടെ നായ്ക്കളായ സയണിസ്റ്റ് ഭരണകൂടത്തെയും ( ഇസ്രയേല്‍ ) നേരിടാന്‍ നമ്മുടെ രാജ്യം ശക്തമാണെന്നും അദ്ദേഹം ടെലിവിഷനിലൂടെ അറിയിച്ചു.


ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന് ആരോപിച്ചാണ് ഇസ്രയേലും അമേരിക്കയും കഴിഞ്ഞമാസം ഇസാനില്‍ ആക്രമണം നടത്തിയത്. എന്നാല്‍ , ഇറാന്റെ ആക്രമണത്തില്‍ അമേരിക്കയുടെ വ്യോമ താവളത്തിനടക്കം സാരമായ നാശമുണ്ടാക്കിയെന്നും യുഎസിനും മറ്റുള്ളവര്‍ക്കും ഇതിലും വലിയ പ്രഹരമേല്‍പ്പിക്കാന്‍ കഴിയുമെന്നും ഖമേനി പറഞ്ഞു. 


ഖത്തറിലെ അല്‍ ഉദൈദ് വ്യോമ താവളത്തിനു നേരെയുള്ള മിസൈല്‍ ആക്രമണം ചൂണ്ടിക്കാട്ടിയാണ് ഖമേനിയുടെ വാക്കുകള്‍. നയതന്ത്രത്തിലായാലും സൈനിക നടപടികളിലാണെങ്കിലും ഇറാന്റെ കൈകള്‍ നിറഞ്ഞുതന്നെയാണ്. ദുര്‍ബലമാണെന്ന് ആരും കരുതരുതെന്നും ഖമേനി പറഞ്ഞു.


എന്നാല്‍ , ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇറാന്‍ കടുത്ത സമ്മര്‍ദത്തിലാണെന്നാണു വിവരം. അമേരിക്ക , മൂന്ന് പ്രധാന യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഓഗസ്റ്റ് അവസാനം തന്നെ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപ്പോഴേക്കും കാര്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അന്താരാഷ്ട്ര ഉപരോധം പ്രഖ്യാപിക്കുമെന്നു ഫ്രാന്‍സും മുന്നറിയിപ്പു നല്‍കി. 


ഇസ്രയേലും അമേരിക്കയും മുന്‍ വ്യവസ്ഥകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് വ്യക്തമാക്കിയിട്ടുണ്ട്.