270 രൂപയില്‍ നിന്ന് 324 രൂപയിലേക്ക് ; ഗര്‍ഭനിരോധന ഉറകളുടെ വിലയില്‍ വൻവ‌ര്‍ദ്ധനവ്

ഗർഭനിരോധന ഉറകളുടെ വിലയില്‍ വൻവർദ്ധനവുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആഗോള വിപണി. ലോകത്തെ ഏറ്റവും വലിയ ഗർഭനിരോധന ഉറകളുടെ നിർമാതാക്കളായ മലേഷ്യൻ കമ്പനി കാരക്സാണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്.

ഇറാനുമായുള്ള യുഎസിന്റെ സംഘർഷത്തോടെയുണ്ടായ ഹോ‍ർമുസ് കടലിടുക്കിലെ പ്രതിസന്ധിയാണ് ഗർഭനിരോധന ഉറകളുടെ വിലയില്‍ വ‍ർദ്ധനവുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ കാരണം. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ആഗോള വിപണിയില്‍ ശക്തമായിരുന്നു. കാരക്സിന്റെ സിഇഒ ഗോ മിയ കിയാറ്റ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.


ഹോ‍ർമുസ് കടലിടുക്കിലൂടെയുള്ള അസംസ്കൃത വസ്തുക്കളുടെ വിതരണം തടസപ്പെട്ടതിനാല്‍ ഗ‍‌ർഭനിരോധന ഉറകളുടെ വില 30 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വ‌ർദ്ധിപ്പിക്കുമെന്നാണ് കാരക്സ് പ്രഖ്യാപിച്ചത്. വെടിനിർത്തല്‍, ഹോർമുസ് കടലിടുക്ക് തുറക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ യുഎസ് – ഇറാൻ സംഘർഷം തുട‌ർന്നാല്‍ വില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചു.


സംഘർഷം ആരംഭിച്ചതിനുശേഷം ഉല്‍പാദനച്ചെലവ് ഗണ്യമായി വർദ്ധിച്ചതായി ഗോ മിയ കിയാറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിലവിലുള്ള യുദ്ധവും ഹോർമുസിനെതിരായ യുഎസ് ഉപരോധവും ഗർഭനിരോധന ഉറയുടെ ഉല്‍പാദനത്തിന് നിർണായകമായ സിലിക്കണ്‍ ഓയിലിന്റെയും സിന്തറ്റിക് റബ്ബറിന്റെയും വിതരണത്തെ തടസപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്, 12 ഡ്യൂറക്സ് കോണ്ടം പായ്ക്കറ്റിന്റെ വില 20 ശതമാനം വ‍ർദ്ധിപ്പിക്കുമ്പോള്‍ 270 രൂപയില്‍ നിന്ന് ഏകദേശം 324 രൂപയായി ഉയരും. 


ആഗോളതലത്തില്‍ വ‍ർഷംതോറും 500 കോടിയിലധികം ഗർഭനിരോധന ഉറകള്‍ നിർമ്മിക്കുന്ന കമ്പനിയാണ് കാരക്‌സ്. ഡ്യൂറെക്‌സ്, ട്രോജൻ തുടങ്ങിയ പല പ്രമുഖ ബ്രാൻഡുകള്‍ക്ക് പുറമെ ഐക്യരാഷ്ട്രസഭയുടെയും മറ്റും ആരോഗ്യ പദ്ധതികളിലേക്കും ഇവർ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നുണ്ട്. കപ്പല്‍ഗതാഗതത്തിലെ തടസം, അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ്, പാക്കേജിംഗ് ചെലവ് തുടങ്ങിയ കാരണങ്ങളും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


അതേസമയം, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ഗർഭനിരോധന ഉറകളുടെ നിർമാണത്തെ മാത്രമല്ല, വിവിധ രാജ്യങ്ങിലെ മരുന്ന് നിർമാണത്തെയും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. മരുന്ന് നിർമ്മാണത്തിന് ആവശ്യമായ പെട്രോകെമിക്കല്‍ ലായനികളുടെ വിലയില്‍ മുപ്പത് മുതല്‍ നാല്‍പത് ശതമാനം വരെ വർധനയുണ്ടായിട്ടുണ്ട്. ഇത് മരുന്നുകളുടെ വിലയില്‍ പത്ത് മുതല്‍ 20 ശതമാനം വരെയുള്ള വ‍‌ർദ്ധനവിന് കാരണമായേക്കും.