ബോബി ചെമ്മണ്ണൂരിൻ്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു ; ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും

ചലച്ചിത്രതാരം ഹണി റോസ്നെതിരെ ലൈംഗിക പരാമർശം നടത്തി എന്ന പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തു.

തെളിവുകള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോബി ഉപയോഗിക്കുന്ന ഐഫോണ്‍ പിടിച്ചെടുത്തത്. മൊബൈല്‍ ഫോണ്‍ ഫോറൻസിക്ക് പരിശോശനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെ ഇന്നു തന്നെ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കും.


കൊച്ചി സെൻട്രല്‍ പൊലീസ് ആണ് ബുധനാഴ്ച രാത്രിയോടെ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് ഏഴുമണിയോടെയാണ് സെൻട്രല്‍ സ്റ്റേഷനില്‍ എത്തിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ്. 


മുൻകൂർ ജാമ്യത്തിന് ശ്രമിക്കവെയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ വച്ച്‌ കൊച്ചി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിനിടെ ഹണി റോസിന്റെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ എത്തിയാണ് ഹണി രഹസ്യമൊഴി നല്‍കിയത്


കണ്ണൂർ ആലക്കോടുള്ള ചെമ്മണ്ണൂർ ഇൻറർനാഷണല്‍ ജുവലറി ഷോറൂം ഉദ്ഘാടനത്തിനിടെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാർത്ഥ പ്രയോഗം നടത്തുകയും ചെയ്തു എന്നാണ് ചെമ്മണ്ണൂരിനെതിരായ എഫ്‌ഐആറില്‍ പറയുന്നത്. 


പിന്നീടും മറ്റൊരു ചടങ്ങില്‍ ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റ ദൂഷ്യം മൂലം പങ്കെടുക്കാൻ വിസമ്മതിച്ചതിന്റെ പ്രതികാരമായി വീണ്ടും പരസ്യമായി ലൈംഗിക ധ്വനിയോടെ പരാമർശങ്ങള്‍ നടത്തി എന്നും എഫ്‌ഐആറില്‍ പറയുന്നു.