പകല്‍ക്കൊള്ളയ്ക്ക് അറുതി , ഇനി 150 വേണ്ട വെറും 15 രൂപ കൊടുത്താല്‍ മതി ; പ്രധാനമന്ത്രിയുടെ നിര്‍ണായക ഇടപെടല്‍

ന്യൂഡല്‍ഹി : വിമാനത്താവങ്ങളില്‍ ഇനി മുതല്‍ ചായക്കും കാപ്പിക്കും സ്‌നാക്‌സിനും സാധാരണ വില മാത്രം.

കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെട്ടതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അമിത വില ഈടാക്കുന്നത് നിറുത്തി. ഇതോടെ ഷാജി കോടങ്കണ്ടത്തിന്റെ ഒറ്റയാള്‍ പോരാട്ടം ചരിത്രം.


2019 മാർച്ചിലാണ് പോരാട്ടം തുടങ്ങിയത്. ഡല്‍ഹിയിലേക്കുളള യാത്രയ്ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു അഡ്വ. ഷാജി കോടങ്കണ്ടത്ത്. ഇരുന്ന് മുഷിഞ്ഞപ്പോള്‍ ഒരു ചായ കുടിച്ചു , ബില്‍ വന്നപ്പോള്‍ വില 150 രൂപ. മറ്റ് സ്റ്റാളിലും വില മാറ്റമില്ല. കട്ടൻചായയ്ക്ക് വില കുറവുണ്ട് , 100 രൂപ. ചെറിയൊരു കപ്പില്‍ ചൂടുവെള്ളവും ടീ ബാഗിനുമാണ് ആ വില.


വർഷങ്ങളായി ഇന്ത്യക്കാരും വിദേശികളുമെല്ലാം ആ വി.ഐ.പി ചായ കുടിച്ചു പോന്നു. ഈ പകല്‍ക്കൊള്ളയ്ക്ക് അറുതി വരുത്തണമെന്ന ദൃഢനിശ്ചയമെടുത്താണ് വിമാനത്തില്‍ കയറിയത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി അയച്ചു. വ്യോമയാന മന്ത്രാലയത്തിനും പരാതി നല്‍കി. ഈ വിഷയത്തില്‍ സുപ്രീം കോടതി വരെ പോയി. കേന്ദ്രസർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു.


രണ്ടാഴ്ച മുൻപ് എയർപോർട്ട് അതോറിറ്റി എല്ലാ വിമാനത്താവളങ്ങളിലേക്കും നിർദ്ദേശം നല്‍കി. എല്ലാറ്റിനും വില കുറച്ചു. ചായ 15 രൂപ , കാപ്പി 20 , സ്‌നാക്‌സ് 15. നെടുമ്പാശേരിയിലും വില ക്രമീകരിച്ചെന്ന് സിയാല്‍ വ്യക്തമാക്കി. വെബ്‌സൈറ്റ് വഴിയും യൂ ട്യൂബില്‍ കാണുന്നവരും ഷാജിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്. 



പഴയ വില

ചായ - 150

കട്ടൻ ചായ - 100


പുതിയ വില

ചായ - 15

കാപ്പി - 20

സ്നാക്സ് - 15