ജനാധികാര ജനാധിപത്യം ചർച്ചയാക്കി കൊച്ചിയിൽ ജനകീയ സമ്മേളനം നടത്തി.

കൊച്ചി : പൗരന്മാരുടെ പങ്കാളിത്തത്തോടെ നീതി ഉറപ്പാക്കുന്ന " ജനാധികാര ജനാധിപത്യം " എന്ന പുതിയ ചിന്തയ്ക്ക് ആഹ്വാനം നൽകി കൊച്ചിയിൽ ജനകീയ നീതിദ സദസ്സ്.

റിപ്പബ്ലിക്ക് ഓഫ് പബ്ലിക് പവർ ഇന്ത്യ ( റോപ്-ഇൻഡ്യ ) എന്ന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനം , രാജ്യത്തിന്റെ ജനാധിപത്യ ഘടനയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് വേദിയൊരുക്കി.


റിട്ടയേർഡ് വിങ് കമാൻഡർ എൻ ജെ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങ് , തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറിയും റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീ പി.സി സിറിയക് ഉദ്ഘാടനം ചെയ്തു. രാജഭരണ വ്യവസ്ഥകളിൽ നിന്ന് മാറി , ജനങ്ങൾക്ക് പൂർണ്ണ അധികാരം നൽകുന്ന ഒരു ജനാധിപത്യ മാതൃകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.


പ്രശസ്ത ആത്മീയ പ്രഭാഷകനും അത്രൈദ ആശ്രമം മഠാധിപതിയുമായ സ്വാമി ഗുരുശ്രീ മുഖ്യപ്രഭാഷണം നടത്തി. നിലവിലെ വ്യവസ്ഥിതിയിൽ ജനങ്ങൾ കാഴ്ചക്കാരായി മാറുന്നുവെന്നും, രാജ്യം പൗരന്മാരുടെ സ്വന്തമാകണമെന്നും അധികാരം ജനപ്രതിനിധികൾക്കല്ല പൗരർക്കാണ് എന്നും അദ്ദേഹം അടിവരയിട്ടു.    


പ്രൊഫസർ ഡോ. റോയി ഏ ഒ , അസീസ് കുന്നപ്പിള്ളി ,  അജിത ജെയ്ഷോർ , ബാബുരാജ് ( അദ്വൈത പ്രചാര സഭ ) , അഡ്വ. കെ എസ് പ്രകാശ് , പ്രൊഫസർ പി ജെ തോമസ്സ് , ജോയി മുക്കൻതോട്ടം , അഡ്വ. സോനു അഗസ്റ്റിൻ , ചഞ്ചൽ ജി എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ സമ്മേളനം എറണാകുളത്ത് ഒക്ടോബറിൽ ചേരുമെന്ന് സംഘാടകർ കേരള ടൈംസ് ന്യൂസിനെ അറിയിച്ചു.