ഇന്ത്യയിലെ ക്യാന്‍സര്‍ ബാധിതരില്‍ അഞ്ചില്‍ മൂന്ന് പേരും മരിക്കുന്നു , സ്ത്രീകളിലെ രോഗബാധ ഞെട്ടിക്കുന്നത് : പഠനം

ന്യൂഡൽഹി : ഇന്ത്യയിലെ കാന്‍സര്‍ ബാധിതരിലെ മരണ നിരക്ക് ഞെട്ടിപ്പിക്കുന്നതെന്ന് പഠനം. രാജ്യത്തെ ക്യാന്‍സര്‍ സ്ഥിരീകരിച്ച അഞ്ചില്‍ മൂന്ന് പേരും മരണത്തിന് കീഴടങ്ങുന്ന നിലയാണുള്ളതെന്നും ആഗോള ക്യാന്‍സര്‍ ഡാറ്റ ചൂണ്ടിക്കാട്ടുന്നു.

പുരുഷന്‍മാരെ അപേക്ഷിച്ച്‌ സ്ത്രീകളില്‍ മരണ നിരക്ക് കൂടുതലാണെന്നും പഠനം പറയുന്നു. ഗ്ലോബല്‍ ക്യാന്‍സര്‍ ഒബ്‌സര്‍വേറ്ററി 2022 , ഗ്ലോബല്‍ ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി എന്നിവയുടെ കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വിവിധ പ്രായ വിഭാഗങ്ങള്‍ , ലിംഗഭേദങ്ങള്‍ എന്നിവയിലെ 36 തരം അര്‍ബുദ രോഗാവസ്ഥകള്‍ പരിശോധിച്ചാണ് പഠനം ഇത്തരം ഒരു നിഗമനത്തിലെത്തുന്നത്. 


ദി ലാന്‍സെറ്റ് ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് എഷ്യ ജേണലിലെ റിപ്പോര്‍ട്ട് പ്രകാരം യുഎസിലെ ക്യാന്‍സര്‍ ബാധിതരില്‍ നാലില്‍ ഒന്നും , ചൈനയില്‍ രണ്ടില്‍ ഒന്നുമാണ്. ലോകത്തിലെ കാന്‍സര്‍ ബാധിത മരണങ്ങളില്‍ പത്ത് ശതമാനവും യുഎസ് , ചൈന തുടങ്ങിയ രാജ്യങ്ങളിലാണ്. എന്നാല്‍ ഇതുപ്രകാരം ഇന്ത്യ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണെന്നും കണക്കുക്കള്‍ നിരത്തി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ ( ഐസിഎംആര്‍ ) പറയുന്നു.


ക്യാന്‍സര്‍ രോഗമുക്തിയിലെ ഈ നിരാശപ്പെടുത്തുന്ന ഈ നിരക്ക് മറികടക്കുക എന്നതായിരിക്കും വരുന്ന രണ്ട് ദശകങ്ങളില്‍ ആരോഗ്യമേഖലയില്‍ ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. രോഗ ബാധിതരില്‍ പ്രതിവര്‍ഷം രണ്ട് ശതമാനം വര്‍ധനയുണ്ടായേക്കുമെന്ന സാഹചര്യവും രാജ്യത്തിന് മുന്നിലുണ്ട്.


സ്ത്രീകളിലെ ക്യാന്‍സര്‍ രോഗബാധയാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രതിസന്ധി. റിപ്പോര്‍ട്ട് ചെയ്യുന്ന ക്യാന്‍സര്‍ രോഗങ്ങളില്‍ 44 ശതമാനവും സ്ത്രീകളെയും പുരുഷന്‍മാരെയും പൊതുവായി ബാധിക്കുന്നവയാണ്. എന്നാല്‍ സ്തനാര്‍ബുദ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന ഞെട്ടിക്കുന്നതാണ്. ആകെ ക്യാന്‍സര്‍ രോഗികളില്‍ ( സ്ത്രീകളിലും പുരുഷന്‍മാരിലും ) 13.8 ശതമാനമാണ് സ്തനാര്‍ബുദ ബാധിതകരുടെ കണക്ക്. ഗര്‍ഭാശയ ക്യാന്‍സര്‍ ( സെര്‍വിക്കല്‍ ) ബാധിതരാണ് പട്ടികയില്‍ മൂന്നാമത്. 9.2 ശതമാനമാണ് പുതിയ ക്യാന്‍സര്‍ ബാധിതരിലെ ഈ രോഗാവസ്ഥ നേരിടുന്നത്. 


പുതിയ ക്യാന്‍സര്‍ ബാധിതരില്‍ 30 ശതമാനവും സ്തനാര്‍ബുദ ബാധിതരാണ്. 24 ശതമാനമാണ് ഈ വിഭാഗത്തിലെ മരണനിരക്ക്. പുതിയ കേസുകളില്‍ ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിതരാണ് 19 ശതമാനം. ഈ വിഭാഗത്തിലെ മരണ നിരക്ക് 20 ശതമാനവുമാണ്.


ഓറല്‍ ( വായിലെ ) ക്യാന്‍സര്‍ ബാധയാണ് പുരുഷന്‍മാരില്‍ കൂടുതലായുള്ളത്. പുതിയ കേസുകളില്‍ 16 ശതമാനമാണ് ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നത്. ശ്വാസകോശവുമായി ബന്ധപ്പെട്ട അര്‍ബുദ ബാധിതര്‍ 8.6 ശതമാനവും , അന്നനാളവുമായി ബന്ധപ്പെട്ട രോഗാവസ്ഥ നേരിടുന്നവര്‍ 6.7 ശതമാനവുമാണ്.


വയോജനങ്ങളിലാണ് രാജ്യത്ത് അര്‍ബുദ ബാധ ഏറ്റവും കൂടുതല്‍ സ്ഥിരീകരിക്കുന്നത്. 70 വയസ് പിന്നിട്ടവരാണ് ഈ പട്ടികയില്‍ കൂടുതല്‍. 15 - 45 വയസിന് ഇടയില്‍ ഉള്ളവരിലാണ് രോഗ ബാധിതരില്‍ രണ്ടാമതുള്ളത്. ക്യാന്‍സര്‍ ബാധിതരില്‍ അഞ്ചില്‍ ഒന്നും ഈ പ്രായത്തിലുള്ളവരാണ്. മധ്യ - വയോജന പ്രായ ഗ്രൂപ്പുകളില്‍ 8 - 10 ശതമാനം കൂടുതല്‍ ക്യാന്‍സര്‍ രോഗം ബാധിതരാകാന്‍ സാധ്യതയുള്ളവരാണ്. ഈ ഗ്രൂപ്പില്‍ ഏഴ് ശതമാനത്തോളം മരണ സാധ്യതയും നിലനില്‍ക്കുന്നതായും പഠനം സൂചിപ്പിക്കുന്നു.