മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക കൂത്താട്ടുകുളത്ത് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക ( 80 ) കൂത്താട്ടുകുളത്ത് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ മകളുടെ ചികിത്സക്ക് എത്തിയതായിരുന്നു അദ്ദേഹം.

മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ( ബുധനാഴ്ച ) രാവിലെയായിരുന്നു അന്ത്യം. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ചികിത്സാ ആവശ്യത്തിനായി കൂത്താട്ടുകുളത്ത് തങ്ങുന്നതിനിടെയായിരുന്നു അന്ത്യം. ആറ് ദിവസം മുന്‍പാണ് കൂത്താട്ടുകുളത്തെത്തിയത്.


കൂത്താട്ടുകുളത്തെ ആയുര്‍വേദ ചികിത്സാകേന്ദ്രമായ ശ്രീധരീയത്തില്‍ മകൾറോസ്മേരിയോടൊപ്പം എത്തിയതായിരുന്നു ഒഡിംഗ. പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട മകള്‍ക്ക് ശ്രീധരീയത്തിലെ ചികിത്സയെ തുടര്‍ന്ന് കാഴ്ച തിരിച്ച് കിട്ടിയിരുന്നു. 2020 - ലാണ് റോസ്മേരി ശ്രീധരീയത്തില്‍ ആദ്യമായി ചികിത്സയ്‌ക്കെത്തിയത്. ചീഫ് ഫിസിഷ്യന്‍ ഡോ. നാരായണന്‍ നമ്പൂതിരി , ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകാന്ത് നമ്പൂതിരി , ഡോ. ശ്രീകല , ഡോ. അഞ്ജലി ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.


തികച്ചും സംഭവബഹുലമായിരുന്നു ഒഡിംഗയുടെ രാഷ്ട്രീയ ജീവിതം. 2008 മുതല്‍ 2013 വരെയാണ് ഒഡിംഗ പ്രധാനമന്ത്രി പദം അലങ്കരിച്ചത്. അഞ്ചുതവണ പ്രഡിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചങ്കെിലും വിജയം നേടാനായില്ല. 2013 മുതല്‍ കെനിയയിലെ പ്രതിപക്ഷനേതാവാണ് ഒഡിംഗ. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പം ഒഡിംഗ പ്രവര്‍ത്തിച്ചു. വിവിധ അഴിമതി ആരോപണങ്ങള്‍ നേരിടുകയും ചെയ്തു.


1945 ജനുവരി 7 ന് നിയാൻസ പ്രവിശ്യയിലെ കിസുമു ജില്ലയിൽ മേരി ജുമ ഒഡിംഗയുടെയും ജറാമോഗി ഒഡിംഗ ഒഡിംഗയുടെയും മകനായാണ് ജനനം. പ്രസിഡന്റ് ജോമോ കെനിയാട്ടയുടെ കീഴിൽ കെനിയയുടെ ആദ്യ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തുടര്‍പഠനത്തിനായി 1962 ല്‍ ഒഡിംഗ ജർമനിയിലേക്ക് പോയി. 1970 - ൽ ഒഡിംഗ കെനിയയിലേക്ക് മടങ്ങി. 1974 - ൽ ഒഡിംഗയെ കെനിയ ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്സിന്റെ ഗ്രൂപ്പ് സ്റ്റാൻഡേർഡ്സ് മാനേജരായി നിയമിച്ചു. നാല് വർഷം ഈ സ്ഥാനത്ത് തുടർന്ന ശേഷം, 1978 - ൽ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു , 1982 - ൽ തടങ്കലിൽ ആകുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. തുടർന്ന് രാഷ്ട്രീയരംഗത്ത് സജീവമായ ഒഡിംഗ പലതവണ തടങ്കലിലാകുകയും മോചിപ്പിക്കപ്പെടുകയും ചെയ്തു. ഇഡ ഒഡിംഗയാണ് ഭാര്യ.


റോസ് മേരിയെ കൂടാതെ ഫിഡല്‍, റെയ്‌ല ജൂനിയര്‍, വിന്നി എന്നീ മൂന്ന് മക്കള്‍ കൂടിയുണ്ട്.