തൊടുപുഴയിൽ ജോസഫ് ഗ്രൂപ്പിന് വെല്ലുവിളിയായി ആം ആദ്മി പാർട്ടി ; അഡ്വ.ബേസിൽ ജോൺ മത്സരരംഗത്തേക്ക്

തൊടുപുഴ : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായ തൊടുപുഴയിൽ ആം ആദ്മി പാർട്ടി ശക്തമായ സാന്നിധ്യമാകുന്നു.

ജനകീയ നേതാവും AAP ഇടുക്കി ജില്ലാ പ്രസിഡന്റുമായ അഡ്വ. ബേസിൽ ജോണിനെ തൊടുപുഴ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനാണ് പാർട്ടിയുടെ സംസ്ഥാന , ദേശീയ നേതൃത്വങ്ങളുടെ ആലോചന. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സംസ്ഥാന നേതൃത്വം ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബേസിൽ ജോണിന്റെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിട്ടുണ്ട്.


തദ്ദേശ തിരഞ്ഞെടുപ്പിൽ തൊടുപുഴ മണ്ഡലത്തിലെ കരിമണ്ണൂർ ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിൽ ഏഴായിരത്തിലധികം വോട്ടുകൾ നേടി നിർണ്ണായക ശക്തിയായി മാറിയ ബേസിൽ ജോണിന്റെ മുന്നേറ്റം യു.ഡി.എഫിലെ ജോസഫ് വിഭാഗത്തിന് വലിയ തലവേദന സൃഷ്ടിക്കുമെന്നാണ് AAP വിലയിരുത്തപ്പെടുന്നത്.


കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പർ , സ്വതന്ത്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ബേസിൽ ജോണിന് മണ്ഡലത്തിലെ യുവാക്കൾക്കിടയിലും സാധാരണക്കാർക്കിടയിലും വലിയ സ്വാധീനമുണ്ട്. 


കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായ പാതിവില തട്ടിപ്പ് വിഷയത്തിൽ ഇരകളായ ആളുകളെ മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാർ കയ്യൊഴിഞ്ഞപ്പോൾ സംസ്ഥാനതലത്തിൽ ഇരകളെ കൂട്ടിയോജിപ്പിച്ച് നേതൃത്വം കൊടുത്ത് സമരം നയിച്ചത് സാധാരണക്കാർക്കിടയിൽ ബേസിലിന് വലിയ സ്വാധീനം ഉളവാക്കി. കഴിഞ്ഞ 10 വർഷമായി തൊടുപുഴ മണ്ഡലത്തിലെ വികസന മുരടിപ്പും , ഇടതുപക്ഷത്തിനും , എൻ ഡി എ ക്കും തൊടുപുഴയിൽ പ്രതീക്ഷയില്ലാത്തതും ബേസിൽ ജോണിന്റെ സാധ്യത വർദ്ധിപ്പിക്കും. ആം ആദ്മി പാർട്ടിയുടെ ജനക്ഷേമ രാഷ്ട്രീയവും , ദേശീയ തലത്തിലെ മുന്നേറ്റവും , അഡ്വ.ബേസിൽ ജോണിന്റെ വ്യക്തിപ്രഭാവം കൂടി ചേരുമ്പോൾ വിജയസാധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരും , പാർട്ടി നേതൃത്വവും വിലയിരുത്തുന്നത്.


ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഡൽഹിയിൽ നിന്ന് ഉടൻ ഉണ്ടാകുമെന്ന് പാർട്ടി ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് അരവിന്ദ് കെജരിവാൾ തൊടുപുഴയിൽ പ്രചാരണത്തിന് എത്തുന്നതോടുകൂടി കളം മാറും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


 ജോസഫ് ഗ്രൂപ്പിന്റെ സാധ്യത സീറ്റായി കരുതപ്പെടുന്ന തൊടുപുഴയിൽ ആം ആദ്മി പാർട്ടിയുടെ കടന്നുവരവ് വലിയ മാറ്റങ്ങൾക്കാണ് വഴിതെളിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളോടുള്ള വിയോജിപ്പും അഴിമതി രഹിത ഭരണത്തിനായുള്ള ആഗ്രഹവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ആപ്പ് നേതൃത്വം. ബേസിൽ ജോൺ കൂടി മത്സരരംഗത്തെത്തുന്നതോടെ മണ്ഡലത്തിൽ ഇത്തവണ ശക്തമായ മത്സരത്തിനാകും കളമൊരുങ്ങുക.



പതിറ്റാണ്ടുകളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി.ജെ. ജോസഫിനും സംഘത്തിനും ബേസിൽ ജോണിന്റെ സ്ഥാനാർത്ഥിത്വം ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആപ്പ് പിടിച്ച വോട്ടുകൾ പല മുന്നണികളുടെയും വിജയപരാജയങ്ങളെ സ്വാധീനിച്ചിരുന്നു. ഇത്തവണ കൂടുതൽ ചിട്ടയായ പ്രവർത്തനങ്ങളുമായി ആപ്പ് രംഗത്തിറങ്ങുന്നത് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്.